വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചിൽ നടന്ന ആൾ ഇന്ത്യ ഇന്റർ ഡയറക്ട്രേറ്റ് സ്പോർട്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും വിതരണം ചെയ്തു. കർണാടകയും ഗോവയുമാണ് ഒന്നാമതെത്തിയത്. തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ രണ്ടാമതും മഹാരാഷ്ട്ര മൂന്നാമതുമെത്തി.

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് എൻ.സി.സി പരിശീലനത്തിന് പ്രയോജനപ്പെടുത്തണമെന്നും ഇതിന് അനുവാദത്തിനായി സർക്കാരിനെ സമീപിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എൻ.സി.സി അച്ചടക്കത്തിന് ഊന്നൽ നൽകുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയിക്കുന്നതിനാവശ്യമായ സ്വഭാവ സവിശേഷത വികസിപ്പിക്കാൻ എൻ.സി.സി പരിശീലനത്തിന് സാധിക്കുന്നു. കേഡറ്റുകളിൽ നേതൃത്വപരമായ കഴിവ് പരിപോഷിപ്പിക്കുന്നു. ഉത്തരവാദിത്തമുള്ള പൗരൻമാരാകാൻ എൻ.സി.സി പഠിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.

എ പ്ലസ് വിജയം നേടുന്നത് മാത്രമല്ല വിദ്യാഭ്യാസമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എൻ.സി.സി പരിശീലനം നൽകുന്ന വിദ്യാഭ്യാസം വലുതാണ്. ഇത് വിദ്യാർഥികൾക്ക് ഭാവിയിൽ ഏറെ സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എൻ.സി.സി കേഡറ്റുകൾ കലാപരിപാടികൾ അവതരിപ്പിച്ചു. എൻ.സി.സി-യുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു