കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കക്കോടി ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മഴക്കാലചര്യ ആയൂര്‍ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർക്കും തളർത്താനാകാത്ത നിലയിലുള്ള സംവിധാനമായി ആയുർവേദ മേഖല മാറിയെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സൗജന്യ ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ വിദ്യാഭ്യാസ ഔഷധ സസ്യ പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള മീറ്റ് ദ ഡോക്ടര്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജില്ലാതല ക്വിസ് മല്‍സരം, വിവിധ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിരുന്നു. കക്കോടി ഗവ. എല്‍.പി സ്കൂളില്‍ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

കേരള ആയുര്‍വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) ജില്ലാ കമ്മിറ്റി എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എ.എം.എ.ഐ പ്രസിഡന്റ് ഡോ.പി ചിത്രകുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. ജെസി പി.സി മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം എം ശോഭ, കക്കോടി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വൃന്ദ പി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എ.എം.എ.ഐ സെക്രട്ടറി ഡോ അനൂപ് വി.പി സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുനത്തിൽ മല്ലിക നന്ദിയും പറഞ്ഞു.