ഇടുക്കി ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം എല്‍ എ. ശാന്തിഗ്രാം-ഇടിഞ്ഞമല പള്ളിക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞമല ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പ് കേന്ദ്രവും ഉടന്‍ അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കോടികളുടെ നവീകരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിക്കഴിഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇടിഞ്ഞമല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിച്ചു. റീബില്‍ഡ് കേരള അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് പ്രബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2018 ലെ പ്രളയത്തില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ ഉണ്ടായ നാശഷ്ടങ്ങള്‍ പരിഹരിക്കാനും പുനര്‍നിര്‍മിക്കാനും പുതിയവ കെട്ടിപ്പടുക്കാനുമായി ആവിഷ്‌കരിച്ച റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.58 കോടി രൂപ മുതല്‍ മുടക്കിലാണ് ബിഎംബിസി നിലവാരത്തില്‍ ആധുനിക രീതിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ ജി സത്യന്‍, ലാലച്ചന്‍ വെള്ളക്കട, രജനി സജി, ബിന്‍സി ജോണി, സോണിയ മാത്യു, ശാന്തിഗ്രാം സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി ബി ഷാജി, രമേശന്‍ കൊച്ചനാട്ട്, സംഘാടകസമിതി ചെയര്‍മാന്‍ കെ.ഡി രാജു എന്നിവര്‍ പങ്കെടുത്തു.