തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജില്ലാ നൈപുണ്യ വികസന സമിതി, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ലോക യുവജന നൈപുണ്യ ദിനാചരണവും ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് നൈപുണ്യവികസനം അനിവാര്യമാണെന്നും എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സാമൂഹിക പുരോഗതി ഉണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ ശേഷിക്കും വലിയ പങ്കാണുള്ളത്. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശീലനങ്ങളും സാധ്യതകളും ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പരിപാടിയില്‍ വിവിധ നൈപുണ്യ പരിശീലന മേഖലകളില്‍ പരിശീലനം നല്‍കുന്നവര്‍ക്കും പരിശീലകരാകാന്‍ താത്പര്യമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന രജിസ്‌ട്രേഷന്‍ ഡ്രൈവിനാണ് തുടക്കമിട്ടത്. സംസ്ഥാനത്തെ യുവതീയുവാക്കളില്‍ നൈപുണ്യവും തൊഴില്‍ശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് രജിസ്‌ട്രേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലയിലെ പരിശീലകര്‍ക്കും പരിശീലകരാകാന്‍ താത്പര്യമുള്ളവര്‍ക്കും https://form.jotform.com/harshakase/trainer-registration-form ല്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ totacademy@kase.in ല്‍ ലഭിക്കും. ജില്ലാ സ്‌കില്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് സുജിത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ എം. സുനിത, നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ടി.വി. ഷാജു എന്നിവര്‍ പങ്കെടുത്തു.