കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് പാലോടിക്കുന്നിൽ ഓഗസ്റ്റ് 10 ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നോമിനേഷൻ വിവരങ്ങൾ അന്നേദിവസം www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ചേർക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭ്യമാക്കണമെന്നും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ച് ചേർക്കുന്നതിന് വരണാധികാരിയോട് ആവശ്യപ്പെട്ടു. പോളിംഗ് ബൂത്തുകളുടെ സുരക്ഷ സംബന്ധിച്ച വിവരം ലഭ്യമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും റൂറൽ പോലീസ് മേധാവിക്ക് നിർദേശം നൽകി.

യോഗത്തിൽ വേളം ഉപതെരഞ്ഞെടുപ്പ് വരണാധികാരി അസിസ്റ്റന്റ് രജിസ്‌ട്രാർ ജനറൽ ഷിജു പി, ഉപവരണാധികാരി, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചേരാപ്പുരം നോർത്ത് എം.എൽ.പി സ്കൂളിൽ ഓഗസ്റ്റ് 10 ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ 22 ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. ജൂലൈ 24 ന് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. 26 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. പോളിംഗ് സാമഗ്രികളുടെ വിതരണം ഓഗസ്റ്റ് ഒൻപതിന് വേളത്തെ പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഓഗസ്റ്റ് 11 ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ