മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷനായി. കില സോഷ്യൽ ഓഡിറ്റിങ് ടീം കൺവീനർ രവീന്ദ്രൻ മുണ്ടയാടൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. 2024 മാർച്ച് മാസത്തോടെ നഗരസഭാ പരിധിയിൽ നടപ്പാക്കേണ്ടുന്ന മാലിന്യനിർമ്മാർജന പദ്ധതികൾ, ഹരിതകർമ്മസേനയെ ശക്തിപ്പെടുത്തൽ, മാലിന്യങ്ങൾ തരം തിരിച്ച് വളമാക്കി വിൽപ്പന നടത്താനുള്ള തുമ്പൂർമൂഴി മോഡൽ പദ്ധതി നടത്തിപ്പ് തുടങ്ങി നഗരസഭയെ നൂറ് ശതമാനം വലിച്ചെറിയൽ മുക്തമാക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പദ്ധതികൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.
നഗരസഭാ പരിധിയിൽ ഉൾപ്പെട്ട വിവിധ മേഖലകളിലെ വ്യാപാരികൾ, സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്രോഡീകരിച്ച ഓഡിറ്റ് റിപ്പോർട്ട് നഗരസഭാ ചെയർ പേഴ്സൺ കെ ശ്രീലത ഏറ്റുവാങ്ങി. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ കെ രവീന്ദ്രൻ, കെ സോയ, കെ സുരേഷ്, വ്യാപാരി പ്രതിനിധികളായ ഒ വിജേഷ്, റെജി തോമസ്, ക്ലീൻ സിറ്റി മാനേജർ പി മോഹനൻ എന്നിവർ സംസാരിച്ചു.