കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023’ പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ഠ മാനദണ്ഡള്‍ അനുസരിച്ച് വിലയിരുത്തി ദേശീയ തലത്തില്‍ റാങ്ക് നിര്‍ണ്ണയിക്കുന്ന പദ്ധതിയാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023. പദ്ധതിയിലൂടെ ഗ്രാമീണ പ്രദേശങ്ങളിലെ നിലവിലെ ശുചിത്വ സ്ഥിതി വിലയിരുത്തും. ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങില്‍ ജില്ല രാജ്യത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒ.ഡി.എഫ് പ്ലസിന്റെ പരിശോധനയും സ്വച്ഛ് സര്‍വേക്ഷണ ഗ്രാമീണ്‍ സര്‍വ്വേയിലൂടെ നടക്കും. ഒ.ഡി.എഫ് പ്ലസ് റാങ്കിംഗ് നിലനിര്‍ത്തുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ അവാര്‍ഡ് ലഭിക്കുന്നതിനും പരിശോധനയുടെ ഫലം നിര്‍ണ്ണായകമാണ്. ഗ്രാമപഞ്ചായത്തുകളില്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023 പരിശോധന ആരംഭിച്ചു.

ജില്ലയിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, പൊതു വിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന വിധത്തിലാണ് സര്‍വ്വേ നടത്തുക. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശുചിത്വ – ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വേയെക്കുറിച്ചുള്ള അവബോധം പരിശോധിക്കും. റോഡ് അരികുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയലും മാലിന്യ നിക്ഷേപവും ആര്‍.ആര്‍.എഫ്, എം.സി.എഫ്, മിനി എം.സി.എഫ് എന്നിവയിലെ മാലിന്യ പരിപാലനം എന്നിവയും സര്‍വ്വേയിലൂടെ പരിശോധിക്കും. വീടുകളിലെ ശൗചാലയങ്ങള്‍, സ്ഥാപനങ്ങളിലെ ശൗചാലയങ്ങള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവയുടെ പരിപാലനം, വീടുകളിലെ അജൈവ മാലിന്യ സംസ്‌ക്കരണം, ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളായ കമ്പോസ്റ്റ് പിറ്റുകള്‍, സോക്ക് പിറ്റുകള്‍ എന്നിവയുടെ ഉപയോഗം, കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പരിശോധനയും നടക്കും.

സ്വച്ഛ് സര്‍വ്വേക്ഷന്‍ അര്‍ബന്‍

നഗരസഭകളിലും സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പദ്ധതിയിലൂടെ നഗര പ്രദേശങ്ങളിലെ ശുചിത്വ സ്ഥിതിയും വിലയിരുത്തും. സ്വച്ഛ് സര്‍വ്വേക്ഷന്‍ 2023 ഭാഗമായിട്ടുള്ള സ്വച്ഛ് സര്‍വ്വേക്ഷന്‍ ഫീഡ് ബാക്കിലൂടെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. https://sbmurban.org/feedback എന്ന ലിങ്കിലൂടെയാണ് അഭിപ്രായം അറിയിക്കേണ്ടത്. ഫീഡ്ബാക്ക് അറിയിക്കുന്നതിലൂടെ നഗരസഭയ്ക്ക് സ്വച്ഛ് സര്‍വ്വേക്ഷന്‍ 2023 ല്‍ 600 മാര്‍ക്ക് ലഭിക്കും. ആഗസ്റ്റ് 16 വരെ ഫീഡ്ബാക്കുകള്‍ അറിയിക്കാം.