തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും വേളി സ്റ്റേഷനിലും ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാതല ഏകോപന സമിതി ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിന്ന് നീക്കം ചെയ്യുന്ന ജൈവ-അജൈവ മാലിന്യങ്ങൾ യഥാവിധി സംസ്‌കരിക്കാത്തതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് മാലിന്യകുമ്പാരം വലിയതോതിൽ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി നഗരസഭയേയും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനേയും സമിതി ചുമതലപ്പെടുത്തി.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ജില്ലാ തല ഏകോപനസമിതി യോഗം ചേർന്നത്. പ്ലാസ്റ്റിക് ഹോൾസെയിൽ ഡീലർമാരുടെ ഗോഡൗണുകളിൽ പരിശോധന നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നതിനും യോഗത്തിൽ ധാരണയായി. തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ അനിൽകുമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.ഫെയ്‌സി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ സി അശോക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.