ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇഎസ്‌ഐ മുഖേന ജനങ്ങള്‍ക്ക് താങ്ങാനാകുന്നതും വളരെ എളുപ്പത്തില്‍ പ്രാപ്യവുമായ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താന്‍ കഴിയുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകള്‍, ആരോഗ്യ പരിശോധനകള്‍, കൗണ്‍സിലിംഗ് തുടങ്ങി വിവിധ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.

ഇഎസ്‌ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ നല്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഔട്ട് പേഷ്യന്റ് കെയര്‍, ഇന്‍ പേഷ്യന്റ് കെയര്‍, ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍, പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ എന്നിവ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ആശുപത്രികളിലൂടെ ഉറപ്പു വരുത്താനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന്റെ കീഴിലാണ് പുതിയതായി അനുവദിച്ച കണ്ണന്‍ദേവന്‍ ഹില്‍സ് മൂന്നാര്‍ ഇഎസ്ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ മുതല്‍ മുടക്കി പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് ആശുപത്രിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെ നിന്ന് ലഭിക്കുക. മൂന്നാര്‍ കോളനിയില്‍ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സമീപമാണ് പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
തൊഴിലാളി മേഖലയിലെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതികളിലൊന്നാണ് ഇ.എസ്.ഐ. പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.