തിരുവനന്തപുരം, മണക്കാട് ഗവൺമെന്റ് ടി.ടി.ഐ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഇഷാനെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീട്ടിൽ സന്ദർശിച്ചു. തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പായി മന്ത്രിയെ നേരിൽ കാണണമെന്ന ഇഷാന്റെ ആഗ്രഹം പൊതുപ്രവർത്തകരിലൂടെയറിഞ്ഞാണ് മന്ത്രി വീട്ടിലെത്തിയത്. അദ്ദേഹത്തെ ഇഷാൻ ആഹ്ലാദത്തോടെ സ്വീകരിച്ചു. എങ്ങനെയാണ് തന്നെ അറിയുക എന്ന മന്ത്രിയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് സമയം മുതൽ അപ്പൂപ്പൻ പത്രം വായിക്കുമ്പോൾ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി. രോഗത്തെ ഭയക്കേണ്ടതില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

താനിപ്പോൾ നാലാം ക്ലാസ്സിൽ ആണെന്നും അഞ്ചാം ക്ലാസിലും മണക്കാട് സ്‌കൂളിൽ പഠിക്കാൻ സ്‌കൂൾ മിക്‌സഡ് ആക്കണമെന്നായി ഇഷാൻ.സ്‌കൂൾ അധികൃതരും അധ്യാപക രക്ഷകർതൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം താൻ ഇഷാനെ കാണാൻ വീണ്ടും എത്തും എന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.