ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു പറഞ്ഞു. കാലാനുസൃതമായ വികസനം മഹാരാജാസില്‍ നടപ്പിലാക്കുമെന്നും ഭൗതിക വികസനത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ പുതിയ വനിത ഹോസ്റ്റല്‍ മന്ദിരത്തിന്റെയും കെമിസ്ട്രി സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാരാജാസ് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഒന്നര നൂറ്റാണ്ടു കാലത്തെ മഹത്തായ പാരമ്പര്യമുള്ള മഹാരാജാസ് എക്കാലവും ധൈഷണികതയുടെ ഉറവിടമാണ്. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ 46-ാം സ്ഥാനവും നാക് അക്രഡിറ്റേഷനില്‍ എ യും ലഭിച്ച ഈ കലാലയം ജീവിതത്തിലെ സമസ്ത മേഖലകളിലും ഒട്ടേറ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ആ പാരമ്പര്യത്തെ പുതിയ കാലത്തും നാം ഉയര്‍ത്തിപ്പിടിക്കണം. കാലാനുസൃതമായ വികസനം മഹാരാജാസില്‍ സര്‍ക്കാര്‍ നടപ്പിലാക്കും. മികച്ച പൂര്‍വ വിദ്യാര്‍ത്ഥി സമ്പത്താണ് മഹാരാജാസിനുള്ളത്. ആ സമ്പത്തിനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണം. പൂര്‍വ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ പുതിയ കുട്ടികള്‍ക്ക് അവസരമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.

പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവില്‍ ഹോസ്റ്റല്‍, കെമിസ്ട്രി സെമിനാര്‍ ഹാള്‍, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം എന്നിവ മഹാരാജാസിനോടും ഉന്നത വിദ്യാഭ്യാസമേഖലയോടും സര്‍ക്കാരിന്റെ പരിഗണനയുടെ ഉദാഹരണമാണ്. മഹാരാജാസിനെ കരിതേച്ചു കാണിക്കാനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കാന്‍ അക്കാദമിക് സമൂഹത്തിന് കഴിയണം. മഹാരാജാസിന്റെ പൂര്‍വികര്‍ വിതച്ചുപോയ വിത്തുകള്‍ നൂറു മേനിയോടെ കൊയ്‌തെടുക്കുവാന്‍ നമ്മുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ദേശീയ അന്തര്‍ദേശീയ മാനകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം മൂന്നാമതാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലാണെന്ന പ്രചാരണത്തെ നാം പ്രതിരോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

മൂന്നു നിലകളിലായി 46 മുറികള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലാണ് ഉദ്ഘാടനം ചെയ്തത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പി.ടി ഉഷ റോഡിലാണ് പുതിയ ഹോസ്റ്റല്‍. കൂടാതെ കെമിസ്ട്രി സെമിനാര്‍ ഹാളും ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.