തൃക്കാക്കര നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ് മണ്ഡലത്തിൽ പട്ടയ അസംബ്ലി ചേർന്നത്.

പട്ടയം നൽകുന്നതിൽ വരുന്ന പ്രശ്നങ്ങൾ കണ്ടെത്തി അർഹരായവർക്ക് അതിവേഗംപട്ടയം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ പട്ടയവിഷയങ്ങളിൽ ജനപ്രതിനിധികൾ വഹിക്കുന്ന പങ്കിന്റെ പ്രധാന്യവും എം എൽ എ വിശദീകരിച്ചു.

ഓരോ വാർഡുകളിലും ഡിവിഷനുകളിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങൾ, പട്ടയം നൽകാൻ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ജനപ്രതിനിധികൾ എംഎൽഎയെ അറിയിച്ചു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്ന പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി അറിയിക്കാനും യോഗത്തിൽ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി. വാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി അർഹരായ എല്ലാവർക്കും പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, കണയന്നൂർ താലൂക്ക് തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, താലൂക്ക്, വില്ലേജ് ജീവനക്കാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.