ക്ഷയരോഗ നിർമാർജനത്തിന് ജില്ലയിൽ പുതിയ കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും നേതൃത്വത്തിൽ ചേർന്ന  ജില്ലാ ക്ഷയ രോഗനിവാരണ ബോർഡ് യോഗത്തിലാണ് തീരുമാനം. കർമ്മ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജില്ലയിലെ ക്ഷയരോഗ നിവാരണ ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായും പ്രവർത്തനങ്ങളിൽ ആവശ്യമായ പരിഷ്കരണങ്ങൾ ചർച്ചചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്. ക്ഷയരോഗ നിവാരണത്തിൽ മറ്റു സർക്കാർ വകുപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

ക്ഷയ രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ആവിഷ്കരിച്ച നിക്ഷയ്മിത്ര പദ്ധതിയിൽ ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഭാഗമാകും.

കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ ഇൻചാർജ് ഡോ. കെ.കെ. ആശ, മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, ക്ഷയ രോഗനിവാരണ ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.