മാലിന്യ സംസ്കരണത്തിന് നിയമങ്ങൾ മാത്രം മതിയാകില്ലെന്നും നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടെയും നിയമം നടപ്പാക്കാൻ തദ്ദേശസ്ഥാപന അധികൃതർ തയ്യാറാവുക കൂടി വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രതിനിധികളുടെ ശിൽപശാല ‘മാറ്റം’ തൃശൂർ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2024 മാർച്ച് 31ഓടെ തെരുവുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. മാലിന്യക്കൂനകളില്ലാത്ത, വഴിയിൽ മാലിന്യം വലിച്ചെറിയാത്ത കേരളമാണ് ലക്ഷ്യം. അതിന് ബോധവത്കരണം മാത്രം മതിയാകില്ല. കർശന നടപടികളിലേക്ക് നീങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിലും പിഴ ഈടാക്കുന്നതിലും നഗരസഭാ അധികൃതർ വൈമനസ്യം കാണിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് നിലവിലുണ്ട്. ഫണ്ടിൻ്റെ അഭാവമല്ല, ശക്തവും ഭാവനാപൂർണവുമായ ഇടപെടലിൻ്റെ കുറവാണ് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായും 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നഗരസഭാ പ്രതിനിധികളുടെ ശിൽപശാലയാണ് നടന്നത്. തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ വിശിഷ്ടാതിഥിയായി.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നഗരസഭാ പ്രതിനിധികളുടെ ശിൽപശാലയാണ് നടന്നത്. തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ വിശിഷ്ടാതിഥിയായി.