സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത അവാർഡിന് 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ്‌), മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ മികവു പുലർത്തുന്ന ഓരോ വ്യക്തിക്കു വീതമാണ് പുരസ്‌കാരം നൽകുക. പുരസ്‌കാരത്തിന് സ്വയം അപേക്ഷിക്കാൻ പാടില്ല. മറ്റൊരാൾക്ക് വ്യക്തിയെ നാമനിർദ്ദേശം ചെയ്യാം. അതത് മേഖലയിലെ വിദഗ്ധർ ഉൾപ്പെടുന്ന ജൂറിയാണ് പുരസ്‌കാരം നിർണയിക്കുന്നത്. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്‌തിപത്രവും നൽകും.

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്‌ത യൂത്ത്/യുവ/അവളിടം ക്ലബുകൾക്കുള്ള പുരസ്‌കാരങ്ങൾക്കും അപേക്ഷിക്കാം. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്‌തിപത്രവും നൽകും. ജില്ലാതലത്തിൽ പുരസ്‌കാരം നേടുന്ന ക്ലബുകളെയാണ് സംസ്ഥാനതല പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്‌തിപത്രവും പുരസ്‌കാരവും നൽകും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 2023 ജൂലൈ 25. മാർഗനിർദ്ദേശങ്ങളും അപേക്ഷഫോറവും ജില്ലാ യുവജന കേന്ദ്രത്തിലും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. അപേക്ഷ mpm.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസം വഴിയോ ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേതല, മലപ്പുറം- 676519 എന്ന വിലാസത്തിൽ നേരിട്ടോ സമർപ്പിക്കാം. ഫോൺ: 0483 2960700.