പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി കർഷകർ ജൂലൈ 25 നു മുമ്പായി താഴെ പറയുന്ന നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആനൂകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പി.എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ- കെ.വൈ.സിയും നിർബന്ധമാണ്. പി.എം കിസാൻ പോർട്ടൽ, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാർ തയ്യാറാക്കിയ പ്രത്യേക ആൻഡ്രോയ്സ് അപ്ലിക്കേഷൻ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം. കേന്ദ്രസർക്കാർ തയ്യാറാക്കിയ പ്രത്യേകം ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചും ഇ- കെ.വൈ.സി പൂർത്തീകരിക്കാം.

റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിൽ ഉള്ള പി.എം കിസാൻ ഉപഭോക്താക്കൾ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങൾ വഴി സമർപ്പിക്കണം. ReLIS പോർട്ടലിൽ ഭൂമി സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തവർ, ReLIS പോർട്ടലിൽ വിവരങ്ങളുണ്ടെങ്കിലും ഇതു വരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർക്ക് അപേക്ഷയും 2018-19 വർഷത്തിലെയും 2023-24 വർഷത്തിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച വിവരങ്ങൾ പി.എം കിസാൻ പോർട്ടലിൽ സമർപ്പിക്കാവുന്നതാണെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2734916