നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയും, വ്യാപാരം ചെയ്യുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ സൂക്ഷിക്കാതിരിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തില്‍ വ്യാപാരം നടത്തുകയും, പര്‍ച്ചേസ് ബില്ലുകള്‍ നല്‍കാതിരിക്കുകയും, അളവ് തൂക്ക നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഓഗസ്റ്റ് മാസത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ സ്‌ക്വാഡും വിവിധ താലൂക്ക് തല സ്‌ക്വാഡുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പരിശോധനയില്‍ ജില്ലാ സപ്ലൈ ആഫീസര്‍ ലീലാകൃഷ്ണന്‍ വി.പി, താലൂക്ക് സപ്ലൈ ആഫീസര്‍മാരായ ബൈജു. കെ. ബാലന്‍, റിച്ചാര്‍ഡ് ജോസഫ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പൗര്‍ണ്ണമി പ്രഭാകരന്‍, ദീപ തോമസ് , അജീഷ് പി.ആര്‍, അമ്പിളി ജി ശുഭ, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ വിപിന്‍ യു.വി. ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് സനില്‍ കുമാര്‍ സി.എസ്. സീനിയര്‍ പോലീസ് ഓഫീസര്‍ അനീഷ് കെ.ആര്‍ എന്നിവരും പങ്കെടുത്തു.