വിജിലന്‍സ് കമ്മിറ്റി ആദ്യയോഗം ചേര്‍ന്നു
എറണാകുളം ജില്ലയെ മാനുവല്‍ സ്‌കാവഞ്ചര്‍ മുക്ത ജില്ലയായി പ്രഖ്യാപിച്ചു. മാനുവല്‍ സ്‌കാവഞ്ചര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനും പുനഃരധിവാസത്തിനും സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.
ജില്ലയില്‍ നാല് ബ്ലോക്കുകളായി നടത്തിയ സര്‍വേ വഴി 155 പേരാണ് ഈ തൊഴിലില്‍ (തോട്ടിപ്പണി) ഏര്‍പ്പെട്ടിരിക്കുന്നവരായി കണ്ടെത്തിയത്. ഇതില്‍ 135 നാഷ്ണല്‍ സഫായി കര്‍മ്മചാരി ഫിനാന്‍സ് കമ്മീഷന്‍ വഴി പുനഃരധിവാസത്തിനായി 40,000 രൂപ വീതം ലഭ്യമാക്കിയിരുന്നു. ഇവരാരും നിലവില്‍ ഈ തൊഴില്‍ ചെയ്യുന്നില്ല. യന്ത്രസഹായമില്ലാതെ ശൗചാലായ മാലിന്യം കൈകാര്യം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ജില്ലയിലെ സ്ഥിതി വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സമൂഹ്യനീതി വകുപ്പിന് സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണയായി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.കെ മനോജ്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.