കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയമപരമായ തടസ്സങ്ങളില്ലാത്ത തീര്‍പ്പാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും വേഗത്തില്‍ തീര്‍പ്പാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്തംബറില്‍ നടക്കുന്ന മേഖലാതല യോഗത്തില്‍ ഇതിന്റെ പുരോഗതി വിലയിരുത്തും. മൂന്നു താലൂക്കുകളിലായി നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകളിലായി 1664 പരാതികള്‍ ലഭിച്ചതില്‍ ഇതിനകം 947 പരാതികള്‍ പരിഹരിച്ചു. 271 അപേക്ഷകള്‍ പലകാരണങ്ങളാല്‍ നിരസിച്ചു. 321 പരാതികള്‍ മേല്‍ നടപടികള്‍ക്കായി കൈമാറി. പരിഹരിക്കാനുള്ള 125 പരാതികള്‍ ഓണത്തിന് മുമ്പായി തീര്‍പ്പാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കണം

ജില്ലയില്‍ പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഴ്ചകള്‍തോറും പകര്‍ച്ചപ്പനി അവലോകന യോഗം നടത്തും. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ 3 ദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ജില്ലയില്‍ 6 എലിപ്പനി മരണവും 2 ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഴക്കാലക്കെടുതികളെക്കുറിച്ചും യോഗം അവലോകനം ചെയ്തു. ജില്ലയില്‍ ഇതുവരെ 3 വീടുകള്‍ മുഴുവനായും 46 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കും. ജില്ലയിലെ ഡാമുകളുടെയും പുഴകളുടെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. ജില്ലയിലെ ക്വാറി പ്രവര്‍ത്തനവും മണ്ണെടുക്കലും ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രക്കിങ്ങും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ആദിവാസി കോളനികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതമാക്കാനും ആവശ്യമായ വെദ്യസഹായം ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഒ.ആര്‍ കേളു എം.എല്‍.എ, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പോലീസ് മേധാവി പദം സിങ്ങ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.