രണ്ടുമാസം കൂടുമ്പോൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ മുകുന്ദപുരം താലൂക്ക് പട്ടയ അസംബ്ലി അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകളെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തണം. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ടാണ് പട്ടയഅസംബ്ലി ചേരുന്നത്. പട്ടയം നൽകി ഭൂമി സ്വന്തമാണെന്നുള്ള സുരക്ഷിതത്വബോധം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. മണ്ഡലത്തിലെ പട്ടയം ലഭിക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കി എന്തൊക്കെ സാങ്കേതിക പ്രശ്നമാണ് നേരിടുന്നത് എന്ന് കണ്ടെത്തി എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട നിയോജകമണ്ഡലം പട്ടയ അസംബ്ലി നോഡൽ ഓഫീസർ എം കെ ഷാജി,ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജ സഞജീവ് കുമാർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ ശാന്തകുമാരി, ചാലക്കുടി താലൂക് തഹദിൽദാർ ഇ എൻ രാജു, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വാർഡ് മെമ്പർമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.