നാലു വര്ഷ ബിരുദ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ നടപടിക്രമങ്ങള് തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാതൃകാ നിര്ദ്ദേശങ്ങള് ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്കും. സര്വകലാശാലകള്ക്ക് ആവശ്യമായ മാറ്റങ്ങള് വരുത്തി അവ നടപ്പിലാക്കാന് അവസരം നല്കും. നാലു വര്ഷ ബിരുദ സംവിധാനം നിലവില് വരുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഘടനയിലും സ്വഭാവത്തിലും ആവശ്യമായ മാറ്റങ്ങള് കൊണ്ടുവരും.
പഠനസമയവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള് സ്ഥാപനങ്ങള്ക്ക് വരുത്താം. ക്ലാസ്സ് മുറികളിലെ പഠനത്തിനു ശേഷം ലാബുകളിലും മറ്റുമായി കൂടുതല് സമയം ചെലവഴിക്കാന് അവസരം വേണമെന്ന ആവശ്യം വിദ്യാര്ഥി സമൂഹത്തില് നിന്ന് ഉയര്ന്നുവരുന്നുണ്ട്. ഇതിന് അനുസൃതമായ നടപടി കോളേജുകള്ക്ക് കൈക്കൊള്ളാമെന്നും മന്ത്രി അറിയിച്ചു. ഓട്ടോണമസ് കോളേജുകള്ക്ക് പുതിയ കോഴ്‌സുകള് ആരംഭിക്കുന്നതിന് അനുമതി നല്കും.