ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഫിഷറീസ് കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡിപിആർ ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഡിപിആർ തയ്യാറാക്കുന്നതിനായി കുഫോക്സ് റിസർച്ച് ഡയറക്ടർ ദേവിക പിള്ള ചെയർമാനും ഫിഷറീസ് ഡയറക്ടർ കെ ടി അനിത കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും ഓൺലൈൻ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്താനും എംഎൽഎ നിർദ്ദേശിച്ചു. ജനുവരിയിൽ കോഴ്സുകൾ ആരംഭിക്കുമെന്നും എം എൽഎ യോഗത്തെ അറിയിച്ചു.
പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ കുട്ടികൾക്ക് താമസത്തിനായി പഴയ ഹോസ്റ്റൽ കെട്ടിടം പൊളിച്ച് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ഹോസ്റ്റൽ നിർമ്മിക്കും. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതോടൊപ്പം നിലവിലെ സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുമെന്നും എംഎൽഎ പറഞ്ഞു.
ആദ്യഘട്ടത്തിൽ മൂന്ന് മാസം, ആറ് മാസം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സുകളാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിഷിങ്ങ് ടെക്നോളജി, അക്വേറിയം ടെക്നോളജി, മറൈൻ എഞ്ചിൻ റിപ്പയറിങ്ങ്, ദുരന്തനിവാരണം, സീ സേഫ്റ്റി, ഫുഡ് സേഫ്റ്റി തുടങ്ങി തൊഴിൽ നൈപുണ്യത്തിനു തങ്ങുന്ന കോഴ്സുകൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യോഗം വിശദമായി ചർച്ച ചെയ്തു.
പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കുഫോസ് വൈസ് ചാൻസലർ ഡോ.ടി പ്രദീപ് കുമാർ, റിസർച്ച് ഡയറക്ടർ ദേവിക പിള്ള, ഫാക്കൽറ്റി ഡോ.എസ് സുരേഷ് കുമാർ, യൂണിവേഴ്സിറ്റി എഞ്ചിനീയർ എൻ കെ മുഹമ്മദ് കോയ, ഫിഷറീസ് വകുപ്പ് അഡിഷണൽ ഡയറക്ടർ എൻ എസ് ശ്രീലു, ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, അസി.ഡയറക്ടർ നീഥ സൂസൺ, നഗരസഭാ ഉദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.