പീരുമേട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ അടങ്ങുന്ന അസംബ്ലി ചേര്‍ന്ന് പട്ടയപ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പീരുമേട് നിയോജക മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സങ്കീര്‍ണമായ പട്ടയ പ്രശ്നം നിലനില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പീരുമേട് നിയോജക മണ്ഡലമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രതിനിധികളില്‍നിന്നും വില്ലേജുതല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയപ്രശ്നങ്ങളാണ് അസംബ്ലി പരിശോധിക്കുക. മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ പരിഹാരം കാണേണ്ട പട്ടയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പരിധിയില്‍ പട്ടയം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തലത്തിലും വില്ലേജ് തലത്തിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ രേഖകള്‍ സഹിതം കൃത്യമായ റിപ്പോര്‍ട്ടാക്കി അടുത്ത യോഗത്തിന് മുന്‍പ് നോഡല്‍ ഓഫീസര്‍ക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു.

പരിഹരിക്കാവുന്ന പട്ടയ വിഷയങ്ങള്‍ പരിഹരിച്ച് ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റിയുടെ അനുവാദത്തോടെ പട്ടയം അനുവദിക്കുകയാണ് ലക്ഷ്യം. പരിഹരിക്കാനാകാത്ത വിഷയങ്ങള്‍ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യസംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഏതെങ്കിലും നിയമപ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകളോ മൂലം തീരുമാനം എടുക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനക്ക് അയക്കുമെന്ന് നോഡല്‍ ഓഫീസറും കുമളി അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസറുമായ പ്രിയന്‍ അലക്സ് റിബല്ലോ പറഞ്ഞു.

ഓരോ മാസവും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ലഭിക്കുന്ന പട്ടയ അപേക്ഷകള്‍ കൃത്യമായി വിലയിരുത്തി വിവിധ തലങ്ങളില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കി ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ എന്ന സര്‍ക്കാര്‍ ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അസംബ്ലിയില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ഇ, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നിത്യ, ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, ഭൂമിപതിവ് തഹസില്‍ദാര്‍ ഷാജി ജോസഫ്, വില്ലേജ് ഓഫീസര്‍മാര്‍ മറ്റു ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.