പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്ത് 3132 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബിബ്ലിയോ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴു വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ പ്രകടമായ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഏഴ് വർഷം കൊണ്ട് 10.5 ലക്ഷം കുട്ടികളാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വർധിച്ചത്. നീതി ആയോഗിന്റെ നാഷണൽ സ്കൂൾ ക്വാളിറ്റി ഇൻഡക്സിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലായാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആഗോള വിദ്യാഭ്യാസ മാതൃകയായ ഫിൻലൻഡ് മാതൃക പഠിക്കാനും കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തിൽ നടപ്പാക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾക്കായി ബിബ്ലിയോ ഹോം പദ്ധതി ആവിഷ്കരിച്ച ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ഇത്തരം പദ്ധതികളിലുൾപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിൽ നിന്നും ലഹരിയെ അകറ്റണമെന്നും പൊതു ശുചിത്വ ബോധം പകർന്നു നൽകണമെന്നും മന്ത്രി കൂട്ടി ചേർത്തു.
എട്ട് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചിയറിയുക, ഉന്നത കരിയർ സാധ്യതകൾ പരിചയപ്പെടുത്തുക എന്നതാണ് ബിബ്ലിയോ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്റർ വി പ്രവീൺ കുമാർ പദ്ധതി അവതരണം നടത്തി. പരിപാടിയുടെ ഭാഗമായി ജില്ലയിലെ എജ്യൂകെയർ കോർഡിനേറ്റർമാരുടെ ഏകദിന ശില്പശാലയും നടന്നു.
ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് കൂടത്താംകണ്ടി, ഐ.പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ മണലിൽ മോഹനൻ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പ്രജി കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കോഡിനേറ്റർ ജി മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.