കുന്നംകുളം നഗരസഭയില്‍ ഖരമാലിന്യ സംസ്കരണ പദ്ധതി വിജയിത്തിലെത്തിക്കാന്‍ ബോധവത്ക്കരണം ശക്തിപ്പെടുത്തും. നഗരസഭയില്‍ നടന്ന ഖരമാലിന്യ പരിപാലന രൂപരേഖ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകി. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തില്‍ നിന്നും വികേന്ദ്രീകൃതമായി മാലിന്യം സംസ്കരിക്കുന്നതിന് വാര്‍ഡുതലത്തില്‍ കൂടുതല്‍ സംവിധാനങ്ങളുണ്ടാക്കും.
9.1 കോടി രൂപ ലോകബാങ്ക് സഹായമായി നഗരസഭയ്ക്ക് ലഭിച്ച സാഹചര്യത്തില്‍ ഇതിന്റെ ആദ്യപടിയെന്നോണം 3.64 കോടി രൂപ ഖരമാലിന്യ സംസ്കരണ പദ്ധതിക്കായി ചെലവഴിക്കും. ഇതിലെ പദ്ധതി പ്രവര്‍ത്തനത്തിന് 1.12 കോടി രൂപയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 3.64 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 1.82 കോടി രൂപയുമാണ് ലഭിക്കുന്ന തുക.
ഈ സാമ്പത്തിക സഹായത്തിലൂടെ നടപ്പാക്കേണ്ട പദ്ധതികളുടെ ഭാഗമായി വീടുകളിലും മറ്റും വിവരശേഖരണം, മാലിന്യം ശേഖരിച്ചുകൊണ്ടും മാലിന്യങ്ങള്‍ തൂക്കിനോക്കി അളവ് തിട്ടപ്പെടുത്തിയുമുള്ള പഠനം, നഗരസഭയും ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള ചര്‍ച്ച എന്നിവ ആരംഭിക്കും.
തുടര്‍ന്ന് ശാസ്ത്രീയമായ രീതിയില്‍ മാലിന്യം കുറക്കുന്നതിനെ കുറിച്ച് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തും. ഇതിനുള്ള ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കൗൺണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും 100ശതമാനം മാലിന്യ ശേഖരണം ഉറപ്പുവരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചികള്‍ പോലുള്ള വസ്തുക്കളുടെ ഉപയോഗം കൂട്ടും. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം കൃത്യമായ പരിശോധന, മാലിന്യ ശേഖരണത്തിന് കൂടുതല്‍ വാഹന സൗകര്യങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ നടപ്പാക്കും. ഇ – വേസ്റ്റ് മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കാന്‍ കച്ചവടസ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ബോധവത്ക്കരണം നടത്തും. 37 വാര്‍ഡുകളിലും യൂസര്‍ ഫീ സംവിധാനം ഉറപ്പുവരുത്തും.
കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ നിരീക്ഷണ ക്യാമറ, അഗ്നി സുരക്ഷ, ട്രോളി സംവിധാനം, വൈദ്യുത – സോളാര്‍ എനര്‍ജി സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
നഗരസഭ ടൗണ്‍ഹാളില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഖരമാലിന്യ പരിപാലന രൂപരേഖ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ മിനി മോന്‍സി, സെക്രട്ടറി വി.എസ് സന്ദീപ് കുമാര്‍, ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ അരുൺ വിൻസെന്റ്, ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.