ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ സഹായിക്കുന്നതാണ് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പുളക്കടവിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് വിശ്രമിക്കാനും ശൗചാലയങ്ങൾ ഉപയോഗിക്കാനും ഉദ്ദേശിച്ചാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ശുചിത്വ കേരളം എന്ന ലക്ഷ്യത്തിനായി സർക്കാർ ആവിഷ്കരിച്ച വിപുലമായ പദ്ധതിയുടെ ഭാഗമാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻഗണനാ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ ഉണ്ടാകണമെന്നാണ് സർക്കാരിന്റെ നയം. നാടിന്റെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ അധ്യക്ഷത വഹിച്ചു.

ജില്ലാ ശുചിത്വമിഷൻ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. 30 ലക്ഷം രൂപ ചെലവഴിച്ച് 700 സ്ക്വയർ ഫീറ്റിലാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. ശശീന്ദ്രൻ, സ്റ്റിയറിംഗ് കമ്മറ്റി ചെയർമാന്മാരായ സിന്ധു പ്രദോഷ് , യു.പി സോമനാഥൻ, എം.കെ. ലിനി, ബ്ലോക്ക് മെമ്പർ എം. ജയപ്രകാശൻ, വാർഡ് മെമ്പർ ഇ. സുധീഷ്, ജില്ലാ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി. അപ്പുക്കുട്ടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ രാമൻ ഈനഞ്ചേരി സ്വാഗതവും, സി.ഡി.എസ് ചെയർപേഴ്സൺ പ്രബിതകുമാരി നന്ദിയും പറഞ്ഞു.