തൊഴിൽ തീരം പദ്ധതിയോടനുബന്ധിച്ച് കയ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘാടക സമിതി യോഗം ചേർന്നു. മതിലകം ഇ വി ജി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.
കേരള നോളജ് ഇക്കണോമി മിഷൻ മത്സ്യത്തൊഴിലാളി വിഭാഗത്തിനായി നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴിൽ പരിശീലന – തൊഴിൽ ദായക പദ്ധതിയാണ് തൊഴിൽ തീരം.
ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനകീയ കൂട്ടായ്മകൾ എന്നിവയിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷിക്കാർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കി തൊഴിലിലേക്ക് എത്തിക്കാനാണ് നോളജ് ഇക്കണോമി മിഷൻ ശ്രമിക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള പ്ലസ് ടു അതിനു മുകളിലോ യോഗ്യതയുള്ള തൊഴിലന്വേഷകരായ മുഴുവൻ ആളുകളെയും ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കി അവർക്ക് പരമാവധി തൊഴിൽ ലഭ്യമാക്കാനും സ്വകാര്യമേഖലയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മത്സ്യബന്ധന സമൂഹത്തിലെ പ്ലസ്ടുവോ തത്തുല്യ അടിസ്ഥാന യോഗ്യതയുള്ള 18 – 40 വയസ്സിനിടയിലെ യുവതി യുവാക്കളും മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ളവരും അവരുടെ കുടുംബാംഗങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലെ ഉദ്യോഗാർത്ഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിൽദാതാക്കൾ ലഭ്യമാക്കുന്ന തൊഴിൽ അവസരങ്ങൾ , ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന പലതും ചെറുതുമായ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ , പ്രാദേശിക തൊഴിലുകൾ , സമുദ്രവുമായും മത്സ്യബന്ധനവുമായും ബന്ധപ്പെട്ട വൈജ്ഞാനിക തൊഴിലുകൾ മുതലായവയാണ് തൊഴിൽ മേഖലകൾ .
യോഗത്തിൽ മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയായ ചടങ്ങിൽ റീജിണൽ പ്രോഗ്രാം മാനേജർ എം.എ സുമി പ്രൊജക്ട് അവതരിപ്പിച്ചു. ഡി പി എം കെ ജെ സിതാര ജോബ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡർ കെ എ ഷബ്ന , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.