മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രാജകുമാരി നടുമറ്റം സ്വദേശി വത്സക്ക് പ്രത്യാശയുടെ പുതുവെളിച്ചം പകര്‍ന്ന് മെഡിക്കല്‍ ബോര്‍ഡെത്തി. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ വത്സക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വൈകാതെ ലഭിക്കും.

തീവ്രമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന 55 കാരിയായ വത്സക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചേരുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്‍പാകെ എത്താന്‍ സാധിക്കുമായിരുന്നില്ല. ഇത് മനസ്സിലാക്കി രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഇടപെട്ടതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അടിസ്ഥാന രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിരലടയാളം പതിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് ബയോമെട്രിക് സംവിധാനത്തിലൂടെ ആധാര്‍കാര്‍ഡ് ലഭ്യമാക്കാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുകയും ഭിന്നശേഷി ഐഡി കാര്‍ഡ് നല്‍കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കിയതും.പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ട വത്സയെ സഹോദരിയാണ് പരിചരിക്കുന്നത്. ഒപ്പം സഹോദരിയുടെ മകനുമുണ്ട്. പുതിയ ഭിന്നശേഷി ഐഡി കാര്‍ഡ് ലഭിക്കുന്നതോടെ ഭിന്നശേഷി പെന്‍ഷന്‍ ഉടന്‍ നല്‍കാന്‍ സാധിക്കും.

രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം സിജു, നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി പി, സൈക്യാട്രിസ്റ്റ് ഡോ. മെറിന്‍ പൗലോസ്, ഓര്‍ത്തോപീഡിഷ്യന്‍ ഡോ. ശ്രീജിത്ത്, വണ്ണപുറം പി.എച്ച്.സി മെഡിക്കല്‍ ഓഫീസറും പി.എം.ആര്‍ സ്പെഷ്യലിസ്റ്റുമായ ഡോ. വിപിന്‍ കുമാര്‍, രാജകുമാരി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിന്‍ഡ കരോലിന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ അജീഷ എം, ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ രാജന്‍ കെ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിനിജോസ്, വി.ഇ.ഒ ജിജോ ജോയ്, പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.