ഇടമലക്കുടിയുടെ മനോഹര പശ്ചാത്തലത്തില്‍ ക്ഷയരോഗ ബോധവല്‍കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ല ടി ബി ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. ഇടമലക്കുടി; ആന്‍ അണ്‍പാരലല്‍ഡ് ജേണി എന്ന പേരിലുള്ള യാത്രാ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സെന്‍സിയാണ്. ചെറുതോണിയിലെ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ജില്ലാ ടിബി ഓഫീസ് നടത്തിയ ആരോഗ്യക്യാമ്പിനെയും അത് ആധാരമാക്കി തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയെയും മന്ത്രി പ്രശംസിച്ചു.

ക്ഷയരോഗ ബോധവല്‍ക്കരണത്തിനൊപ്പം ഇടമലക്കുടിയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രകൃതി സൗന്ദര്യര്യവുമൊക്കെ യാത്രാവിവരണ മാതൃകയിലുള്ള 26 മിനുറ്റുള്ള ഡോക്യുമെന്ററിയില്‍ കാണാം. ഇടമലക്കുടിയില്‍ മൂന്ന് ദിവസങ്ങളിലായി ജില്ലാ ടിബി ഓഫീസ് സംഘടിപ്പിച്ച ആരോഗ്യക്യാമ്പിന്റെയും ബോധവല്‍ക്കരണ പരിപാടിയുടെയും ഭാഗമായാണ് വീഡിയോ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇടമലക്കുടി നിവാസികളുമായുള്ള ആശയവിനിമയത്തിലൂടെ ടി.ബി പ്രതിരോധം, രോഗ ലക്ഷണങ്ങള്‍, സൗജന്യ ചികില്‍സ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയായിരുന്നു എട്ട് കുടികളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോ. സഖില്‍ രവീന്ദ്രന്‍, ബിജു രത്നം, സുഭാഷ് ജോര്‍ജ്, ജോജി, അശ്വതി രജനി തുടങ്ങിയവരാണ് ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രൈബല്‍ ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു ജോസഫ് , ജീവനക്കാരായ ബിന്ദു റ്റി.കെ, ഔസേപ്പച്ചന്‍ ആന്റണി, അനുമോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.