ജില്ലയിലെ മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സംബന്ധിച്ച ബോധവത്കരണവും പരിശീലനവും നല്‍കുമെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ആശാവര്‍ക്കര്‍മാരെ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരുന്നതിന്റെ ഉദ്ഘാടനം കേരള ബാങ്കിന്റെ പത്തനംതിട്ട സി പി സി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ മേഖലയില്‍ പണം വിനിയോഗിക്കുമ്പോള്‍ ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. ശിശു വികസന വകുപ്പ് രൂപീകരിച്ചിട്ടുള്ള ഡിജിറ്റല്‍ പാഠശാലയിലൂടെ ഇത് സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക – ആരോഗ്യ മേഖലയില്‍ സാമൂഹിക നിര്‍മിതിയിലും നിര്‍ണായകമായ പങ്ക് വഹിക്കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ആരോഗ്യ മേഖല മുന്നോട്ട് പോകുന്നത്. ആശവര്‍ക്കര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും വേതനം വര്‍ധിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ ചെയ്യേണ്ട ജോലികള്‍ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എങ്ങനെ ക്രോഡീകരിക്കണം എന്നതിനെപ്പറ്റിയുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ആശാ വര്‍ക്കര്‍മാരുടെ ജോലിഭാരം ഏറെക്കുറെ ലഘുകരിക്കാന്‍ സാധിക്കും.
ജില്ലയിലെ മുഴുവന്‍ ആശമാരെയും കേരള ബാങ്കിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയിലേക്ക് കൊണ്ടുവരുകയാണ്. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളെയും എകോപിച്ചുകൊണ്ട് വലിയൊരു ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപീകൃതമായത്. ബാങ്കിംഗ് മേഖലയിലെ ചൂഷണം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ശക്തമായ ജനകീയ ഇടപെടലാണ് കേരള ബാങ്കെന്നും മന്ത്രി പറഞ്ഞു.
കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, കേരളാ ബാങ്ക് ഡയറക്ടര്‍മാരായ എസ്. നിര്‍മ്മലാ ദേവി, സി. രാധകൃഷ്ണന്‍, ആലപ്പുഴ റീജിയണല്‍ ജനറല്‍ മാനേജര്‍ എ. അനില്‍ കുമാര്‍, പത്തനംതിട്ട ഡി.ജി.എം സി.പി.സി. കെ.എസ്. സജിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.