സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരം ആവേശമായി. പുരുഷൻമാരുടെ മത്സരം പുല്ലൂരാംപാറയിൽ നിന്നും വനിതകളുടെ മത്സരങ്ങൾ നെല്ലിപ്പൊയിലിൽ നിന്നും ആരംഭിച്ച് കോടഞ്ചേരിയിൽ സമാപിച്ചു. മത്സരത്തിൽ മുപ്പതോളം താരങ്ങൾ പങ്കെടുത്തു.

മലബാർ സ്പോർട്സ് അക്കാദമിയാണ് ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് പുല്ലൂരാംപാറ – കോടഞ്ചേരി മലയോര ഹൈവേയിലാണ് മത്സരങ്ങൾ നടന്നത്. പുരുഷ വിഭാഗം ക്രോസ് കൺട്രി പുല്ലൂരാം പാറയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുലിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ വിഭാഗം ക്രോസ് കൺട്രി നെല്ലിപ്പൊയിലിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.

പുരുഷ വിഭാഗത്തിൽ റോയൽ റണ്ണേഴ്സ് അംഗങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൈജീരിയൻ താരം ഐസക് കോമർ ഒന്നാമതും നബീൽ സാഹി രണ്ടാമതും, ജോസ് ഇല്ലിക്കൽ മൂന്നാമതും ഫിനിഷ് ചെയ്തു. മുഹമ്മദ് സാഹിർ ,സൂരജ് എം .പി, അക്ഷയ് പ്രകാശ്, അജയ് ജോർജ്, ആൽബിൻ ബേബി, ധീരജ് ചന്ദ്ര, അഭിജിത്ത് കെ.കെ, ആശിഷ് രാജ്, ബെനെയ്ഹ് സംഗത്ത്, നിർമ്മൽ പി തുടങ്ങിയവർ മത്സരം പൂർത്തിയാക്കി.

വനിതാ വിഭാഗത്തിൽ സൂര്യ പി.എസ് ഒന്നാമതും, ആശ ടി.പി രണ്ടാമതും ജുവൽ ബിനു മൂന്നാമതും ഫിനിഷ് ചെയ്തു. ഡെൽന അനിൽ, ഋതു നന്ദ, ഡോണ അനിൽ, ജീനാ മറിയ, അന്നാ മരിയ ടോബി, ഷാരോൺ റോസ്, എന്നിവരും വ്യത്യസ്ഥ സമയങ്ങളിൽ മത്സരം പൂർത്തിയാക്കി.

ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ലിന്റോ ജോസഫ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായഞ്ഞ് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൽ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.