തീരദേശവാസികളുടെ സ്വപ്നങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാക്ഷാത്കരിക്കാനാകുവെന്ന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ മേഖലയില്‍ മാത്രം 57 സ്‌കൂൾ കെട്ടിടങ്ങൾ പുതുതായി നിര്‍മിക്കാനായെന്നും മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2023’ന്റെ സംസ്ഥാനതല ഉദ്ഘാടനം പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്താണ് 57 സ്‌കൂളുകളുടേയും ഉദ്ഘാടനം നടത്തിയത്. എല്ലാ സ്‌കൂളുകളിലും മികച്ച കായിക വിനോദത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദേശത്തുപോയി പഠിക്കണമെങ്കില്‍ അതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം നേടിയവര്‍ക്ക് അതത് മേഖലയില്‍ മികച്ച തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് കെ- ഡിസ്‌കുമായി ചേര്‍ന്ന് പരിശീലനം നല്‍കുന്ന തൊഴില്‍ തീരം പദ്ധതി നടപ്പാക്കും. കേരളത്തിന്റെ തീരമേഖലയില്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മാത്രമല്ല വേണ്ടത്. ഇതര മേഖലകളില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കണം. തീരമേഖലയില്‍ 8100 വീടുകള്‍ പുതിയതായി നിര്‍മ്മിച്ചു നല്‍കി. ആറുമാസത്തിനകം ആയിരം ഫ്ലാറ്റുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കും. ഇടനിലക്കാരില്ലാതെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

2022-23ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വി.ആര്‍. രമേശ് എന്‍ഡോവ്മെന്റ് വിതരണം എ.എം.ആരിഫ് എം.പി. നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്‍, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, പഞ്ചായത്തംഗം ജാസ്മിന്‍ ബിജു, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഇര്‍ഷാദ്, ഭരണസമിതി അംഗങ്ങളായ ടി.എസ്. രാജേഷ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം പി.ഐ. ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.