രാജ്യത്ത് ആദ്യമായാണ് ജനകീയ പങ്കാളിത്തത്തോടെ സാമൂഹ്യ വിലയിരുത്തലിന് (സോഷ്യല്‍ ഓഡിറ്റ്) ആരോഗ്യ വകുപ്പ് കേരളത്തില്‍ തുടക്കമിടുന്നതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ച് അറിയുന്നതിനായാണ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളും പരിപാടികളും ജനങ്ങള്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ചുള്ള വിലയിരുത്തല്‍ പ്രധാനപ്പെട്ടതാണ്.  ജനങ്ങള്‍ക്ക് ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ച്ഉടനടി പരാതി നല്‍കുന്നതിന് ആശുപത്രിതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഒരു സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും, സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്. എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് ആറ് ജില്ലകളില്‍ നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.