സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ സരോജിനി തമ്പുരാട്ടിക്ക് ആദരവ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അഡ്വ. മാത്യു ടി തോമസ് എംഎല്‍എ 96 വയസുള്ള സരോജിനി തമ്പുരാട്ടിയെ തിരുവല്ലപാലിയേക്കര പടിഞ്ഞാറെ കൊട്ടരത്തിലെത്തിയാണ് ആദരിച്ചത്. സരോജിനി തമ്പുരാട്ടിക്ക് എംഎല്‍എ മൊമെന്റോ നല്‍കി. തിരുവല്ല തഹസില്‍ദാര്‍ മിനി കെ തോമസ് പൊന്നാട അണിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. മകള്‍ വസന്തകുമാരിക്കും മകളുടെ ഭര്‍ത്താവ് പ്രൊഫ. രാമനാരായണിനും ഒപ്പം താമസിക്കുന്ന സരോജിനി തമ്പുരാട്ടി ആദരവ് സന്തോഷത്തോടെ ഏറ്റുവാങ്ങി.

ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. വിജയലക്ഷ്മി, ജെ. സിജു, ജി. രാജേഷ് കുമാര്‍, തിരുവല്ല വില്ലേജ് ഓഫീസര്‍ ബിജു ജോര്‍ജ്, സരോജിനി തമ്പുരാട്ടിയുടെ മകന്‍ ഹരിദാസ് കെ. വര്‍മ്മ, മകന്റെ ഭാര്യ നിര്‍മല വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.