• പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് എം പാനല്‍ ചെയ്യും
  • ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കുന്നില്ലെന്ന് ഉറപ്പാക്കും
  •  സര്‍ജറികള്‍ക്കു ശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സൗജന്യമായി നല്‍കും
  • സ്‌കൂളുകളില്‍ വാര്‍ഷികാരോഗ്യ പരിശോധന നടപ്പാക്കും

ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ‘ഹൃദയമാണ് ഹൃദ്യം’ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ 6,204 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ജില്ലയില്‍ 561 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 149 പേര്‍ക്ക് ഇതുവരെ സര്‍ജറി ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഹൃദ്യം. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ഹൃദ്യം പദ്ധതി നിര്‍വഹിക്കുന്നത്. ഒരു കുട്ടിയേയും സര്‍ക്കാര്‍ കൈവിടില്ല. പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് എം പാനല്‍ ചെയ്യും.  സര്‍ജറികള്‍ക്കു ശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും. ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വാര്‍ഷികാരോഗ്യ പരിശോധന നടപ്പാക്കും. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ഇടപെടല്‍ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.

ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി 2017-ല്‍ ആരംഭിച്ച കേരള സര്‍ക്കാരിന്റെ സൗജന്യഹൃദയ ശസ്ത്രക്രിയാ പദ്ധതിയാണ് ഹൃദ്യം. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മന്ത്രി സ്നേഹോപഹാരങ്ങള്‍ കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍- ചൈല്‍ഡ് ഹെല്‍ത്ത് ഡോ. യു.ആര്‍. രാഹുല്‍, ജില്ലാ പഞ്ചായത്ത് അം​ഗങ്ങൾ,മറ്റ് ജനപ്രതിനിധികൾ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.