മെഴുവേലി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ രൂപീകരണത്തിനു മുന്നോടിയായി വാര്‍ഡ് തല ഗൃഹസര്‍വേയ്ക്കു തുടക്കമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷയായിരുന്നു. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ് മോന്‍, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി ടോണി, സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍ ഡോ. സുജ മോള്‍,  മഹേഷ്, അനില്‍ എന്നിവര്‍ സംസാരിച്ചു.

മെഴുവേലി വാര്‍ഡില്‍ നടന്ന സര്‍വേയ്ക്ക് പത്മനാഭോദയം ടി ടി ഐ യിലെ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍വേ നടക്കും. കേരളത്തിലെ 14 ജില്ലകളിലും ഒരു  പഞ്ചായത്തില്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് സേവാസ്. ക്രിയാത്മകമായ ഇടപെടലിലൂടെ പഞ്ചായത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് വിവിധ ശേഷി വികസന പരിശീലനങ്ങള്‍ നല്‍കി അവരില്‍ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നതിനായുള്ള പരിപാടികളും സേവാസിലൂടെ വിഭാവനം ചെയ്യുന്നു.