മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ വടകര നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു.

വടകര നിയോജക മണ്ഡലം എംഎൽഎ ചെയർമാനായും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, വടകര നഗരസഭ ചെയർപേഴ്സൺ, ചോറോട്, ഒഞ്ചിയം, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ വൈസ് ചെയർമാൻമാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി യോഗം കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു. കെ കെ ഇ എം സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർ ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു.

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത്, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രഹീസ, കൗൺസിലർ അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിൽന ഡി.എസ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന നന്ദിയും പറഞ്ഞു.