ബജറ്റ് ടൂറിസം സെൽ യാത്ര വിജയകരമാക്കുന്നതിൽ കെഎസ്ആർടിസി ജീവനക്കാർ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ബജറ്റ് ടൂറിസം സെൽ 300-ാം യാത്ര പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും യൂണിറ്റിൽ ആരംഭിച്ച ലോജിസ്റ്റിക് ആന്റ് കൊറിയർ സർവ്വീസിന്റെ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വിനോദയാത്രാ പാക്കേജുകൾ വിജയകരമാക്കുന്നതിന് പ്രയത്നിച്ച കെ.എസ്.ആർ.ടിസി ജീവനക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2022 ൽ വളരെ കൂടുതലാണ്. എന്നാൽ നിലവിലെ കണക്ക് നോക്കുമ്പോൾ 2023 അതിനെയും മറികടക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയും ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവും ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനുള്ള കാരണങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ നിലയിലും കെഎസ്ആർടിസിയെ സംരക്ഷിച്ചു പോകണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബിഒടി ബസ്സ് ടെർമിനലിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ബിന്ദു പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ദിവാകരൻ, വടക്കൻ മേഖല എക്സിക്യുട്ടീവ് ഡയറക്ടർ (ഇൻചാർജ്) വി.മനോജ്കുമാർ, വർക്സ് മാനേജർ (ഇൻചാർജ്) പൃഥ്വിരാജ്, ക്ലസ്റ്റർ ഓഫീസർ രഞ്ജിത്ത് പി.ഇ, ഫിനാൻസ് ആന്റ് അഡ്മിനിസ്ട്രേഷൻ ജില്ലാ ഓഫീസർ ഷാജി വി, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസ് സ്വാഗതവും ക്ലസ്റ്റർ ഓഫീസർ സുരേഷ് വി.എസ് നന്ദിയും പറഞ്ഞു.