എസ്റ്റീം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മൂന്നാമത്തെ ബാച്ചിനുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ നിർവഹിച്ചു. 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ ഭിന്നശേഷി കുട്ടികൾക്കായി കൊളത്തറ ട്രെയിനിംഗ് സെന്ററിൽ നടത്തിയ റഡിഡൻഷ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കാഴ്ച പരിമിതരും കേൾവി പരിമിതരുമായ കുട്ടികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്.
പൊതുവിദ്യാലയങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് എസ്റ്റീം. കേന്ദ്ര സർക്കാരിന്റെ എൻ എസ് ക്യു എഫ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകളാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. കാഴ്ച, കേൾവി, ബുദ്ധി പരിമിതികളുള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. കേന്ദ്ര സർക്കാരിന്റെ എൻ എസ് ക്യു എഫ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകളാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. രണ്ട് ബാച്ചുകളിയായി 75 കുട്ടികളാണ് ഇതുവരെ പരിശീലനം പൂർത്തിയാക്കിയത്.
ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. ഡി.പി ഒ വി ടി ഷീബ, സി.ആർ.സി ഡയറകടർ ഡോ. റോഷൻ ബിജ്ലി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷറഫ് കാവിൽ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.