തരൂര്‍ മണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പി.പി സുമോദ് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തരൂര്‍ മണ്ഡലതല പട്ടയ അസംബ്ലിയിലാണ് നിര്‍ദ്ദേശം. വിവരശേഖരണം നടത്തിയ ശേഷം ഈ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെ അറിയിക്കാനും അസംബ്ലിയില്‍ തീരുമാനമായി. വാര്‍ഡ് അംഗങ്ങള്‍ മുതല്‍ എം.എല്‍.എമാര്‍ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷന്‍ ദൗത്യം വിജയിപ്പിക്കുകയാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികള്‍, വില്ലേജ് തല ജനകീയ സമിതികള്‍ എന്നിവരില്‍ നിന്ന് ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.


യോഗത്തില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ എന്‍. സുബ്രഹ്മണ്യന്‍ പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.പി അജിത, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.