നിർമാണോദ്ഘടാനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ സ്റ്റേജിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പുതിയ സ്റ്റേജ് നിർമ്മാണത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് നിർമിക്കുന്നത്. രണ്ടാംഘട്ടം എന്ന നിലയിൽ ഓഡിറ്റോറിയത്തിന് മുൻപിൽ റൂഫ് വിരിച്ച് കാണികൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

നടവരമ്പ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് കമ്പ്യൂട്ടർ ലാബിലേക്ക് എം എൽ എ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിച്ച് കളിച്ചും പഠിച്ചും നാടിനെയും സമൂഹത്തേയും സ്നേഹിക്കുന്ന മനുഷ്യത്വമുള്ള തലമുറയായി മാറാൻ കഴിയണം എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനിഷ്, സ്കൂൾ പ്രിൻസിപ്പാൾ പ്രീതി എംകെ, പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, ഒ എസ് എ പ്രസിഡന്റ് പ്രദീപ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.