സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് അർബൻ ഹെൽത്ത് സെന്റർ പോലെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ  പ്രധാന ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പള്ളിക്കണ്ടി അർബൻ ഹെൽത്ത് സെന്ററിൽ ആരംഭിച്ച സായാഹ്ന ഒ പിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്‌ക്കാകെ വലിയ ഉണർവ് പകരുന്നതാണ് ഇത്തരം കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു. നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ കൂടി ഒ പി സൗകര്യം ലഭ്യമാകുന്നതോടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യം കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് തുടക്കം കുറിച്ച കോർപ്പറേഷൻ സാരഥികളെ മന്ത്രി അഭിനന്ദിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

രാവിലെ ഒമ്പത്‌ മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയും ഉച്ചക്ക് ഒരുമണി മുതൽ വൈകുന്നേരം ആറു മണിവരെയും രണ്ട്‌ ഷിഫ്‌റ്റുകളിലായാണ്‌ ഒ.പി പ്രവർത്തിക്കുക. ഡോക്ടർ, ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സ്‌, ഫാർമസിസ്‌റ്റ്‌, ശുചീകരണ തൊഴിലാളി എന്നിങ്ങനെ നാല്‌ ജീവനക്കാരാണ്‌ ഡിസ്‌പെൻസറികളിൽ ഉള്ളത്‌. സായാഹ്ന ഒ പിക്കായി ഒന്നുവീതം ഡോക്ടർ, സ്‌റ്റാഫ്‌ നഴ്‌സ്‌, ഫാർമസിസ്‌റ്റ്‌ എന്നീ തസ്‌തികകൾ അനുവദിച്ചു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കൗൺസിലർ മുഹസിന,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ രാജീവ്‌ നന്ദിയും പറഞ്ഞു