വെര്‍ച്വല്‍ റൂം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ക്ലാസ് മുറിയിലിരുന്ന് അറിവ് നേടിയും കൂട്ടുകാരോട് സൗഹൃദം പങ്കിട്ടും സ്‌കൂള്‍ കാലം ഏറെ ആസ്വദിക്കണം എന്നത് മുഹമ്മദ് ഷാമിലിന്റെ ഒരാഗ്രഹമായിരുന്നു. ഈ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ മിടുക്കന്‍. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ഒരുക്കിയ വെര്‍ച്വല്‍ ക്ലാസ് മുറിയിലൂടെയാണ് ഷാമില്‍ വീണ്ടും സ്‌കൂളിലെത്തിയതും അധ്യാപകരുടെ ക്ലാസുകള്‍ കേള്‍ക്കാന്‍ തുടങ്ങിയതും. കൂട്ടുകാരെയും അധ്യാപകരെയും കണ്ട് അവര്‍ക്കൊപ്പം തത്സമയം സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് പഠിക്കാന്‍ ഷാമിലിന് മുന്നില്‍ ഇനി തടസ്സങ്ങളൊന്നുമില്ല.
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയില്‍ എട്ടാം ക്ലാസുകാരന്‍ മുഹമ്മദ് ഷാമിലിന് ജന്മനാ കാലിന്റെ പേശികൾക്ക് ശക്തിക്കുറവാണ്. സ്‌കൂളിലെത്തി കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് പഠിക്കാനുള്ള ആഗ്രഹത്തിന് തടസ്സമായതും ഈ ശാരീരിക അവശതയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവം സാധ്യമാക്കുന്നതിനായ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്ലാസ് റൂം പദ്ധതിയുടെ ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് ഷാമില്‍. നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സന്ധ്യ ടീച്ചര്‍ വീട്ടിലെത്തി പഠിപ്പിക്കുന്നുണ്ടെങ്കിലും വെര്‍ച്വല്‍ ക്ലാസ് റൂം ഒരുങ്ങിയതോടെ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ വിദ്യാലയ അനുഭവം ഷാമിലിന് സാധ്യമാകും.
സമഗ്ര ശിക്ഷാ കേരള കോഴിക്കോടിന്റെ കീഴില്‍ കിടപ്പിലുള്ള കുട്ടികള്‍ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കി വരുന്നുണ്ട്. വിശേഷദിവസങ്ങളില്‍ സഹപാഠികള്‍ കുട്ടികളുടെ വീട്ടിലെത്തുന്ന ചങ്ങാതിക്കൂട്ടം എന്ന പദ്ധതിയും പഠനവീഡിയോകള്‍ തയാറാക്കി നല്‍കുന്ന വൈറ്റ്‌ബോര്‍ഡും, പാഠപുസ്തകങ്ങളുടെ ഓഡിയോ ലഭ്യമാക്കുന്ന ടോക്കിംഗ് ടെക്സ്റ്റും നിലവിലുള്ള പദ്ധതികളാണ്. ഇവയ്ക്കൊപ്പം മികവാര്‍ന്ന രീതിയില്‍ വിദ്യാലയനുഭവം സാധ്യമാക്കുക എന്നരീതിയിലാണ് വെര്‍ച്വല്‍ ക്ലാസ് റൂം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ക്ലാസ്മുറിയില്‍ ക്യാമറ, വീട്ടില്‍ ലാപ്‌ടോപ്പും മൈക്കും, രണ്ടിടത്തും വേഗതയേറിയ ഇന്റര്‍നെറ്റ് എന്നീ സാങ്കേതിക പിന്തുണ ഒരുക്കിയാണ് വെര്‍ച്വല്‍ ക്ലാസ് റൂം സാധ്യമാകുന്നത്.
പതിനേഴ് കുട്ടികള്‍ക്കാണ് ഒന്നാം ഘട്ടമായി കോഴിക്കോട് ജില്ലയില്‍ വെര്‍ച്വല്‍ ക്ലാസ് റൂം ഒരുങ്ങുന്നത്. കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാമിലിന്റെ വീട്ടിലെത്തിയാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാനത്തില്‍ ജമീല എം എല്‍ എ നിര്‍വ്വഹിച്ചത്. എം എല്‍ എ യും മറ്റു ജനപ്രതിനിധികളും വീട്ടിലെത്തി ഷാമിലിനോടൊപ്പം കൂട്ടുകാരോടും അധ്യാപകരോടും വെര്‍ച്വലായി സംവദിച്ചു. പന്തലായനി ബി ആര്‍ സി ക്കു കീഴില്‍ രണ്ടു പേരാണ് വെര്‍ച്വല്‍ ക്ലാസ് റൂം പദ്ധതിക്ക് അര്‍ഹമായത്. സെറിബ്രല്‍ പാള്‍സികാരണം വിദ്യാലയനുഭവം നഷ്ടമായ വേളൂര്‍ ജി എം യു പി എസി ലെ ആറാം ക്ലാസുകാരന്‍ മുഹമ്മദ് നാസിമാണ് രണ്ടാമത്തെയാള്‍. നാസിമിന് ഉടന്‍ തന്നെ ടാബ്ലെറ്റും ഇന്റര്‍നെറ്റ് കണക്ഷനുമൊരുക്കി വെര്‍ച്വല്‍ ക്ലാസ് റൂം വീട്ടിലൊരുങ്ങും.
ക്ലാസ് മുറിയില്‍ നിന്ന് ഒരു കുട്ടി പോലും പുറത്താവരുതെന്ന ആശയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റര്‍ ഡോ അബ്ദുള്‍ ഹക്കീം പറഞ്ഞു. ഇന്റര്‍നെറ്റും ഡിജിറ്റല്‍ ടെക്‌നോളജിയുമൊക്കെ സമൂഹത്തിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാനുള്ള ലക്ഷ്യങ്ങളും കൂടി ഈ പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.