സര്‍വശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാര്‍സ് മാതൃകാ പ്രീ-പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം കിഴക്കുപുറം ജി എച്ച് എസ് എസ് സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ വര്‍ണ കൂടാരം മികവുറ്റ അനുഭവങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് ഉതകുന്ന തരത്തില്‍ പ്രീപ്രൈമറിയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.
അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രാനുഭവങ്ങള്‍ക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വര്‍ണയിടം, ഗണിതയിടം എന്നിങ്ങനെ വികാസമേഖലകള്‍ക്കും പഞ്ചേന്ദ്രീയാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയില്‍ 13 പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണക്കൂടാരം പദ്ധതിയില്‍ സജ്ജീകരിക്കുന്നത്.
ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ആശ, ബിപിസി കെ.എ. ഷെഹീന, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആരതി കൃഷ്ണ, ഏഴംകുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ഹരികുമാര്‍, ഹെഡ്മാസ്റ്റര്‍ ജി. മോഹന്‍, പിടിഎ പ്രസിഡന്റ് ബി. ബിജു, ജൂലിയറ്റ് ജോസ്, സി.കെ. പ്രകാശ്, അനൂപ്, ആര്‍. സെയ്ഫുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് കെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണകൂടാരം സജ്ജമാക്കിയത്.