• ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്
  • ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നാനാത്വം ആഘോഷിക്കപ്പെടുകയാണെന്നും വൈവിധ്യങ്ങൾക്കിടയിലെ ഈ ഐക്യപ്പെടൽ നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള ആരോഗ്യ സർവകലാശാലയുടെ പതിനേഴാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.

ആരോഗ്യ പ്രവർത്തകർക്കും മറ്റ് അടിയന്തര സേവനങ്ങൾ നൽകുന്നവർക്കും നിയമപരമായും നയപരമായും സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ട്. ഇത് സമൂഹത്തിൻ്റെ കടമയാണ്. ആരോഗ്യ പ്രവർത്തകർ മാനസിക സമ്മർദങ്ങൾക്ക് വഴിപ്പെടരുത്. വൈകാരികതയെ പ്രതിരോധിക്കാനുള്ള കഴിവ് വായനയിലൂടെ സമ്പാദിക്കണം. ബിരുദ സമ്പാദനം പഠനത്തിൻ്റെ അവസാനമല്ല. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ സ്വയം നവീകരിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഗവർണർ ബിരുദധാരികളെ ഓർമിപ്പിച്ചു.

മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ഡെൻറൽ, നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിലായി 10,830 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ബിരുദം നൽകി. ഇതോടെ ആകെ സർവ്വകലാശാലാ ബിരുദം നേടിയവർ 1,33,606 ആയി. സർവ്വകലാശാല നിലവിൽ വന്ന ശേഷം ആദ്യമായി രണ്ട് പേർ ഗവേഷണബിരുദം (പിഎച്ച്ഡി) കരസ്ഥമാക്കി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ചടങ്ങിൽ വെച്ച് മരണാനന്തര ബഹുമതിയായി എം ബി ബി എസ് ബിരുദം നൽകി. അച്ഛനും അമ്മയും ചേർന്ന് ഗവർണറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

എം ബി ബി എസ് പരീക്ഷക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിക്കുള്ള ഡോ. ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിനയ് വി എസിന് സമ്മാനിച്ചു. ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി.

സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ അധ്യക്ഷനായി. രജിസ്ട്രാർ പ്രൊഫ. ഡോ. എ.കെ. മനോജ്കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ്സ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ. പി. രാജേഷ്, സർവ്വകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാൽ, ഡോ ബിനോജ് ആർ, വിവിധ ഫാക്കൽറ്റി ഡീൻമാർ, സെനറ്റ് അംഗങ്ങൾ, ഗവേർണിംഗ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.