- പ്രാദേശിക നെല്ല് ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകാൻ ഒരുങ്ങി മറ്റത്തൂർ
- പദ്ധതി വ്യാപകമാക്കാനുള്ള ഊർജ്ജം പകർന്നു ഒന്നാംഘട്ടം
നെല്ല് ഉൽപാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മറ്റത്തൂർ മട്ട. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെല്ല് കൃഷിയുടെ ഒന്നാം ഘട്ടം പൂർത്തീകരണത്തിലേയ്ക്ക് എത്തുമ്പോൾ മികച്ച അനുഭവമാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന് പങ്കുവയ്ക്കാനുള്ളത്.
18 പാടശേഖരങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 250 ഹെക്ടറോളം നെൽകൃഷി ഉണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന നെല്ല് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുക എന്നതാണ് മറ്റത്തൂർ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടൻ മട്ടയോട് സ്വാദിൽ കിടപിടിക്കുന്ന മട്ട അരിയാണ് കൃഷി ചെയ്തത്. ആദ്യഘട്ടത്തിൽ മനുരത്ന (ഉണ്ടമട്ട) ഇനങ്ങളിൽപെട്ടവയാണ് കൃഷി ഇറക്കിയത്. ഇതിലൂടെ 3500 കിലോ നെല്ല് സംഭരച്ചു. പഞ്ചായത്തിൽ തന്നെയുള്ള ഒരു വനിത സംരംഭകയുടെ മില്ലിൽ നെല്ലു കുത്തി 1500 കിലോയോളം അരി ലഭിച്ചു.
10 കിലോ അടങ്ങുന്ന 150 പാക്കറ്റുകളിലായി ഗ്രാമപഞ്ചായത്ത് മുഖേനയാണ് ഇവ വിറ്റഴിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഈ മുന്നേറ്റത്തിൽ ഗ്രാമപഞ്ചായത്തിന് ലാഭമായി 60,000 രൂപ ലഭിച്ചു. കിലോയ്ക്ക് 55 രൂപ നിരക്കിലാണ് അരി വിറ്റഴിച്ചത്.
മികച്ച പ്രതികരണങ്ങളും വരുമാനവും ഗ്രാമപഞ്ചായത്തിന് തുടർന്നും വിജയകരമായ പ്രതീക്ഷയാണ് നൽകുന്നത്. വടി മട്ട വിഭാഗത്തിൽപ്പെട്ട ഇനമാണ് രണ്ടാംഘട്ടത്തിൽ കൃഷി ഇറക്കിയിരിക്കുന്നത്. ഇതിൽ നിന്നും പതിനായിരം കിലോ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉപോൽപ്പന്നങ്ങളായ തവിട്, പൊടിയരി എന്നിവയും ഗുണമേന്മ കൂടിയ ഇനത്തിൽപ്പെട്ട തവിടുള്ള അരി തുടങ്ങിയവയും വിറ്റഴിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
സമഗ്ര നെൽകൃഷി വികസനത്തിനായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അമ്പതുലക്ഷം രൂപയാണ് വകയിരുത്തിയത്. സൗജന്യ വിത്ത്, 50 ശതമാനം സബ്സിഡിയിൽ വളം, 75 ശതമാനം സബ്സിഡിയിൽ കുമ്മായം, കൂലി ചെലവിൽ സബ്സിഡി എന്നിങ്ങനെ ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നുണ്ട്. കൂലി ചെലവിലേക്കായി ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 15 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്.
ഭൂപ്രകൃതി പരമായ സാധ്യതകളും ഗുണമേന്മയും സ്വാദുമാണ് മറ്റത്തൂർ മട്ടയെ വേറിട്ടതാക്കുന്നത്. രണ്ടാം ഘട്ട കൊയ്ത്ത് നവംബറിൽ പൂർത്തിയാക്കും.