അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലെ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ കടുവിൽ സരസ്വതിയുടെ വീട്ടിൽ എ സി മൊയ്തീൻ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് പൈപ്പ് ലൈൻ വഴി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് വീടുകളിലെത്തും. പൈപ്പ് വഴി കുടിവെള്ളം വീടുകളിലെത്തുന്നതുപോലെ പാചകവാതകവും ഓരോ അടുക്കളയിലുമെത്തും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണ് ജില്ലയിൽ യാഥാർത്ഥ്യമായത്.

ആദ്യ ഘട്ടത്തിൽ 18 കണക്ഷനുകളാണ് നൽകിയത്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ആണ് പരിസ്ഥിതി സൗഹ്യദ പദ്ധതിയായ സിറ്റി ഗ്യാസ് ജില്ലയിൽ നടപ്പാക്കുന്നത്. കണക്ഷൻ ലഭ്യമാകുന്നതിന് ഗുണഭോക്താക്കൾക്ക് ഡെപ്പോസിറ്റ് തുക തവണകളായി അടയ്ക്കുന്ന സ്കീമുൾപ്പെടെ നാല് സ്കീമുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഇന്ധന ചെലവ് 20 ശതമാനം കുറക്കാനാകും. സിലിണ്ടർ ഗ്യാസ് വീട്ടിലെത്തിക്കുന്നതിന് വേണ്ടി വരുന്ന ഗതാഗതച്ചെലവും ലഭിക്കാം. ഗതാഗതക്കുരുക്കും റോഡിലെ അപകടസാധ്യതയും ഒഴിവാക്കാനാകും. കുന്നംകുളം മുനിസിപ്പാലിറ്റിയിലും ചൊവ്വന്നൂർ പഞ്ചായത്തിലുമുള്ള മുഴുവൻ അപേക്ഷകർക്കും ഉടൻ പാചകവാതകം ലഭ്യമാക്കും. പ്രകൃതിവാതക പദ്ധതിക്കായി ജില്ലയിൽ 60 കിലോമീറ്ററോളം പൈപ്പിടൽ പൂർത്തീകരിച്ചു. ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ രണ്ട് മാസത്തിനകം പദ്ധതി പ്രാവർത്തികമാക്കും.

ചൊവ്വന്നൂർ സമുദ്ര നഗറിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി കെ വാസു, കൗൺസിലർമാരായ ബിജു സി ബേബി, ഷാജി ആലിക്കൽ, അദാനി ഇന്ത്യൻ ഓയിൽ അസെറ്റ് ഹെഡ് ദീപു ജോൺ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പ്രവീണ ഭവേഷ് സ്വാഗതവും അദാനി ഇന്ത്യൻ ഓയിൽ പ്രതിനിധി കെ ഐ നിഷാൽ നന്ദിയും പറഞ്ഞു.