പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും വിദ്യാർത്ഥികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയാലേ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിതമായത്. വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് 100% വിജയം കൈവരിക്കാനായത് അഭിനന്ദനാർഹമാണ്. ഇടമലക്കുടി പഞ്ചായത്തിലെ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. 18.50 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന റോഡ് 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും നൂതന പഠന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പരിപാടിയിൽ ജി 20- ഗ്ലോബൽ ഇനിഷ്യേറ്റീവ് കോ ഓഡിനേറ്റർ – ഡയറക്ടർ, യു.എൻ.സി.സി.ഡി, ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായി. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അഡിഷണൽ സെക്രട്ടറിമാരായ ടി മിനിമോൾ, കെ ശശിധരൻ, ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണപ്രസാദ്, അണ്ടർ സെക്രട്ടറി കെ.എസ് സുര്യ തുടങ്ങിയവർ പങ്കെടുത്തു.