തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവർത്തികളും ഡിസംബർ 31 നകം പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. പഞ്ചായത്തിൽ ശ്മശാനം നിർമ്മിക്കുന്നതിനായി കൂടുതൽ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 50 ലക്ഷം രൂപയാണ് പ്രവർത്തി നടത്തുന്നതിനായി അനുവദിച്ചത്.

കാലങ്ങാട്ട് – വളയനാട് റോഡ്, വടക്കേടത്ത്താഴം റോഡ്, ചുള്ളിയിൽത്താഴം ഡ്രെയിനേജ് കം ഫുട്പാത്ത്, പെരൂളിത്താഴം ഫുട്പാത്ത്, അന്നശ്ശേരി ബസ് ബേ എന്നീ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കും.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ശിവദാസൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സീന സുരേഷ്, പ്രജിത കെ ജി, അനിൽ കോരാമ്പ്ര, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഐ പി ഗീത, ടി എം രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.