മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ പോത്താംകണ്ടം പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയുടെ വികസനത്തിന് ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തി കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. നിർമിച്ച റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പരിപാലിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എം രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് പാലങ്ങൾ വിഭാഗം (കണ്ണൂർ ) എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.

ദീർഘകാല ആവശ്യം യാഥാർഥ്യമായി

ദീര്‍ഘ നാളത്തെ ജനങ്ങളുടെ ആവശ്യമായ പോത്താംകണ്ടം ആനപ്പെട്ടി പൊതുമരാമത്ത് റോഡില്‍ പോത്താംകണ്ടം പാലം പുനര്‍നിര്‍മ്മിക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 3.18 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 25 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാന്‍ ബ്രിഡ്ജാണ് നിര്‍മ്മിച്ചിട്ടുള്ളത്. 11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ 7.5 മീറ്റര്‍ ക്യാരേജ് വേയും, 1.5 മീറ്റര്‍ വീതം ഇരു സൈഡുകളിലും ഫൂട്പാത്തും, ഇരു ഭാഗങ്ങളിലേക്ക് 100 മീറ്റര്‍ വീതം ആകെ 200 മീറ്റര്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.